കവിത: പ്രവാസത്തിലെ ചിലർ :
അബ്ദുൽ ജബ്ബാർ പുഞ്ചക്കോട്
---
ഒറ്റ ജീവിതത്തിന്റെ
വിഹ്വലതകൾ
ഒന്നിനു മേലൊന്നായി അട്ടിയിട്ടതിൽ
നിദ്രാവിഹീനതയും നിദ്രാദേവിയും
നിർന്നിമേഷരായി നോക്കി നില്ക്കാറുണ്ട്..
രണ്ടും മൂന്നും തട്ടുകളിലായി
വലിയ നിലയിലാണവർ !
മോട്ടു* ചോട്ടിലും
ചോട്ടു* മോളിലും
സ്തൂലഗാത്രൻ അത്യുന്നതങ്ങളിലും വസിക്കുന്നു !
ട്രപ്പീസ് കളിക്കാരൻ തോറ്റു പോകുന്ന
കയ്യടക്കവും മെയ് വഴക്കവുമാണവർക്ക് ..
കയ്യൊന്ന് തെറ്റിയാൽ
കാലൊന്നിടറിയാൽ
നട്ടെല്ലിനേല്ക്കുന്നതിനേക്കാൾ ക്ഷതം
ക്ഷണനേരം കൊണ്ട് ഹൃദയത്തിനേൽക്കും..
അനക്കങ്ങൾ അരുതുകളാണ്
അടക്കം പറച്ചിലുകളാവാം..
വെളിച്ചങ്ങൾ വെറുക്കപ്പെട്ടതും
മൊബൈൽവെട്ടം ഹലാലുമാണ്*.
ചാറ്റിംഗിലെ ശൃംഗാരവും
കണ്ണും കണ്ണും ഇമവെട്ടാത്ത
കാഴ്ച്ചയിലെ കൺകുളിരും
തളിർത്ത് പൂത്തുലയുകയും..
വാടിക്കരിയുകയും ചെയ്യാറുണ്ട് ..
ക്ലോക്കിലെ ഒരു സൂചി
മറു സൂചിയെ പ്രാപിക്കുമ്പോൾ
മുണ്ടാട്ടം മംമ്നുവാണ്*
മന്ത്രിക്കുന്ന മനസ്സുകൾ
മന്ദസ്മിതം തൂകുന്നത്
സ്വപ്നങ്ങളിൽ മാത്രമാണ്.
ഗദ്ഗദങ്ങളുരുകിയൊലിച്ചിറങ്ങുന്ന -
ചുടുനീർച്ചാലുകൾ തണുത്തുറയുന്നത്
കാലാന്തരങ്ങളിലാണ്..
കറവ വറ്റിയ ഗോക്കളെപ്പോലെ
കറവയുമുറവയും വറ്റിവരണ്ട
വിപ്രവാസം വിഭ്രാന്തി തീർത്ത
ആത്മാവുകൾ ചേക്കേറിയ
എല്ലിൻകൂടുകൾ..
കാത്തിരിക്കുന്ന കടുത്ത ഏകാന്തത..!
വിജനമാം വീഥിയിൽ
ഒറ്റക്കാളവലിക്കുന്ന വണ്ടിയിലെ
ഒറ്റയാൾ പോരാട്ടം..
കൈവഴികൾ പിരിയാത്ത
അറ്റം നിന്നുപോയ വീഥി കണ്ട്
അന്തിച്ചു നില്ക്കുമ്പോഴാണ്
അന്തരാളം അടയാളമിടുക,
ഏറെ ദൂരമില്ലിനി...
തീരെ നേരവുമില്ലിനി..
-----------------------------
മോട്ടു = തടിയൻ
ചോട്ടു = കുള്ളൻ
ഹലാൽ = അനുവദനീയം
മംമ്നു = നിരോധം
-----------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ