..എവിടെ നോക്ക്യാലും ബ്ലോഗ്ഗും ബ്ലോഗ്ഗറും ഫെയ്സുബുക്കും ഗൂഗിള്‍ പ്ലസും മൈനസും..! അപ്പോപ്പിന്നെ നമ്മക്കും ഒരു പൂതി ഒന്ന് ബ്ലോഗ്ഗാന്. സ്വന്തമായി ഒരു ബ്ലോഗ്ഗില്ലെങ്കില്‍ വല്ല്യേ കുറച്ചിലാണെന്നാണെല്ലാവരും പറയുന്നത്. എന്തിന്റെ ഒരു കുറവാണ് ഒരു ബ്ലോഗ് തുടങ്ങാനെന്നു അങ്ങനെ ചിന്തിച്ചു ചിന്തിച്ചു തല പുണ്ണാക്കി നോക്കി. സ്ഥലമാണെങ്കില് നമ്മുലെ ഗൂഗ്ലുകാര് വെറുതെ തരുന്നുണ്ട്. വേറെ കാശിന്റെ ചെലവൊന്നും കാര്യമായി കാണാനുമില്ല. പിന്നെന്താ ആകെയുള്ള പ്രശ്നം ഇടയ്ക്കു ബ്ലോഗ്ഗില്‍ എന്തെങ്കിലും പോസ്റ്റണം എന്നതാണ്. അതൊരു പ്രശ്നമായി തോന്നിയിട്ടില്ല. എഴുതാനുള്ള 'പ്രതിഭയെ' കുറവുള്ളൂ, പക്ഷെ ബ്ലോഗ്ഗില്‍ ചറപറെ എന്തും എഴുതാനുള്ള സ്വോതന്ത്ര്യം 'ഒരിന്ത്യന്‍ പൌരന്‍' എന്നാ നിലക്ക് എനിക്കുമുണ്ടല്ലോ. അത് 'വായിക്കാതിരിക്കാനുള്ള 'സ്വാതന്ത്ര്യം' നിങ്ങള്‍ക്കുമുണ്ട്, 'ഒരിന്ത്യന്‍ പൌരന്‍' എന്ന നിലയിലും അല്ലാത്ത നിലയിലും! അത് കൊണ്ട് എഴുത്തിങ്ങനെ അണ്ണാക്കില്‍ 'മുട്ടി' നില്‍ക്കുന്ന സ്ഥിതിക്ക് നിങ്ങളെനിക്ക് അനുവാദം തന്നെ തീരൂ ..! എന്തൊക്കെ ജീവിതത്തില്‍ നിങ്ങള്‍ സഹിക്കുന്നു! ആ എക്കൌണ്ടില്‍ 'അബ്ദുല്‍ജബ്ബാര്‍ പുഞ്ചക്കോട്' എന്ന് കൂടി ടൈപ്പ് ചെയ്ത് ചേര്‍ക്കുക.
എന്തായാലും അക്ഷര നാന്ദി കുറിക്കുന്നത് , ഞാന്‍ കണ്ണിലുണ്ണി പോലെ എന്റെ കരളില്‍ കൊണ്ടുനടക്കുന്ന സ്വന്തം ജന്മ നാടിനെക്കുറിച്ച് തന്നെയായില്ലെങ്കില്‍, എന്റെ 'സുയിപ്പന്‍ മുക്ക് ' എന്നോടു കോപിച്ചാലോ എന്നാ പേടിയുണ്ട്. അതോണ്ട് , എന്റെ കണ്ണിലുണ്ണിക്ക് ഈ പേര് വന്നതെങ്ങിനെ എന്ന് പറഞ്ഞു കൊണ്ട് നിങ്ങളെ വെറുപ്പിച്ചു തുടങ്ങാം.
എന്റെ ചെറുപ്പത്തില്‍ 'സുയിപ്പന്‍ മുക്കിലേക്ക് ' കാലെടുത്തു വെക്കുന്ന ഏത് മാന്യ ദേഹങ്ങളും അനുഭവിച്ചിരുന്ന 'സുയിപ്പാകലിന്റെ' അടിസ്ഥാനത്തിലാണ്, എന്റെ നാടിനു ഈ പേര് കൈവന്നതത്രെ ! അഥവാ എന്തെങ്കിലും ഒരു തരത്തിലുള്ള ഒരു 'സുയിപ്പു' ഞങ്ങളുടെ നാട് വിസിറ്റ് ചെയ്യുന്നവര്‍ക്ക് ഉണ്ടാകുമായിരുന്നുപോലും ! എന്റെ ഉപ്പയൊക്കെ പറഞ്ഞു കേള്‍ക്കാറുള്ളതാണ്, ഒന്നുകില്‍ തിരിച്ചു പോകാന്‍ വണ്ടി കിട്ടില്ല അല്ലെങ്കില്‍ വന്ന കാര്യം പെട്ടെന്ന് നടക്കില്ല. അങ്ങനെയങ്ങനെ ഒരുപാടൊരുപാട്. ഇനി അതിന്റെയൊക്കെ കാരണത്തിനെ പറ്റി നിങ്ങള്‍ തലപുകക്കണ്ട, അത് ഞാന്‍ പറയാം. ഈയുള്ളവന്‍ തല പുകച്ചും കരിച്ചും ആലോചിച്ചിട്ടും ഗവേഷണം നടത്തിയിട്ടും അതിനുത്തരം ഉത്തരത്തില്‍ തൂങ്ങിക്കിടക്കുകയാണ്. എന്നിട്ടല്ലേപ്പോ നിങ്ങക്ക്. അതാര്‍ക്കും അറിയില്ല ഒരു നാടെന്താ അങ്ങനെയായതെന്ന് ! എന്തായാലും ഒരു കാര്യം നിങ്ങള്‍ക്കും ഉറപ്പിക്കാം അതായത് ഇങ്ങനെ ഒരു കാരണമില്ലാതെ എന്തായാലും ഒരു നാടിനു ഈ തരത്തില്‍ ഒരു പേര് വരില്ലല്ലോ, എന്ന്! ( വെറുതെ 'പുളു' അടിക്കുകയല്ല എന്ന് സാരം..ഏത്.?)
ഇനി സുയിപ്പന്മുക്കെന്നു നാമകരണം ചെയ്ത വ്യക്തിയെ കുറിച്ചും കുറച്ചു പറയാനുണ്ട്. അദ്ദേഹത്തെ ഒഴിച്ച് നിര്‍ത്തി എന്റെ നാടിനൊരു ചരിത്രമില്ല. ഒരു കാല്‍ നൂറ്റാണ്ട് മുമ്പ് സുയിപ്പന്മുക്കിന്റെ ഓരോ മുക്കും മൂലയും നിറഞ്ഞു കവിഞ്ഞു നിന്നിരുന്ന ഒരാളുണ്ടായിരുന്നു അവിടെ. നാട്ടിലെ മൊഹമ്മദുപ്പാക്കാടെ മരമില്ലിലെ 'മുദീര്‍' ( മേല്‍നോട്ടക്കാരന്‍ ) ആയിരുന്ന 'അമ്മായി അദ്ദ്വോക്ക. അദ്ദേഹത്തിനു 'അമ്മായി അദ്ദു' എന്ന് പേര് വന്നതെങ്ങനെ എന്ന് എനിക്കറിയില്ല, മുന്‍ തലമുറയിലെ ആരില്‍ നിന്നെങ്കിലും ആ 'സംഗതി' പിടി കിട്ടിയാല്‍ നോം നിങ്ങളെ അറിയിക്കുന്നതായിരിക്കും.
മരമില്ലിനു മുന്‍പിലൂടെ നടന്നു പോകുന്ന ( പാഞ്ഞു പോയാലും! ) ആരും, മൂപ്പരുടെ റഡാറില്‍ കുടുങ്ങാതെ പോകാറില്ല. പൂജ്യം സ്പീഡിലും പിടിക്കുന്ന ലോകത്തിലെ ഏക റഡാര്‍ ചിലപ്പോള്‍ അദ്ദ്വോക്കാടെയായിരി ക്കും! എന്റെ ഉപ്പയുടെയൊക്കെ അടുത്ത ചങ്ങാതി. (ഉപ്പയും മൊഹമ്മദുപ്പാക്കയും അദ്ദ്വോക്കയുമൊന്നും ഇന്ന് സുയിപ്പന്മുക്കിലില്ല, എന്നല്ല, ഈ ദുനിയാവില്‍ നിന്ന് തന്നെ അവരൊക്കെ പോയി, പ്രവാസികളായ ഈയുള്ളവനെ പോലെയുള്ളവര്‍ക്ക് എന്നും കണ്ണീരില്‍കുതിര്‍ന്ന ഗൃഹാതുരത്വം സമ്മാനിച്ചു കൊണ്ട്..) നര്‍മ്മത്തിന് കയ്യും കാലും മുളച്ചാല്‍, അതായിരുന്നു അദ്ദ്വോക്ക. നാട്ടിലെ എല്ലാ ഹൂമന്‍ബിയിങ്ങ്സിനും അദ്ദ്വോക്ക ഇരട്ടപ്പേര് ഇട്ടിട്ടുണ്ട്. ആ പിടിയില്‍ നിന്ന് വഴുതി മാറിയവര്‍ വിരലിലെണ്ണാവുന്നവര്‍ !
ഇരട്ടപ്പേരിന് ഉദാഹരണമായി പറയുകയാണെങ്കില്‍ ഈയുള്ളവന്റെ ഉപ്പാക്ക്, അദ്ദ്വോക്ക നല്‍കിയ പേര് 'മരാമത്ത് മന്ത്രി' എന്നായിരുന്നു. പിന്നീടത് ചുരുങ്ങി വെറും 'മന്ത്രി'യായി. നാട്ടിലെവിടെ, ആര് വീടുണ്ടാക്കുന്നുണ്ടെങ്കിലും ഉപ്പ ആ സൈറ്റില്‍ നിത്യ സന്ദര്‍ശകനായിരിക്കും. അത്രക്ക് പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിനു വീട് നിര്‍മ്മാണം. രണ്ടാം ക്ലാസ്സുകാരനാണെങ്കിലും, ഉപ്പാനെയായിരുന്നു നാട്ടുകാര്‍ സ്ഥലമളക്കാന്‍ വിളിച്ചു കൊണ്ടുപോയിരുന്നത്. 'ഗുണകോഷ്ടം' ഇരുപതിന്റെത് വരെ ഉപ്പ കൂളായി ചൊല്ലുന്നത് കേട്ടിരുന്നു ഞങ്ങള്‍. 'പന്തീര് പതിനെട്ടു എത്രേന്നു' ഉപ്പ ഞങ്ങളോട് ചോദിച്ചിട്ട്, ഞങ്ങള്‍ പെന്നും കടലാസും എടുക്കുന്നതിനു മുമ്പേ അദ്ദേഹം ഉത്തരം ചിരിച്ചു കൊണ്ട് പറഞ്ഞിരുന്നത് ഇന്നലെയെന്നോണം മനോമുകുരത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. അദ്ദ്വോക്ക പേരി ടുന്നതിന്റെ ഗുട്ടന്‍സ് 'നിങ്ങളുമാര്‍ക്ക്' ഒന്ന് മനസ്സിലാകാനാണ്, നോം, ആനുഷങ്കികമായി ഒരു ഉദാഹരണം തന്നത്.
എന്റെ ഉപ്പ ചാവക്കാട് നിന്നും കൂട് മാറി വന്നതായിരുന്നു സുയിപ്പന്‍ മുക്കിലേക്ക്. 'ചാവക്കാടന്‍ അദ്ദുറു' എന്നും ഉപ്പ അറിയപ്പെട്ടിരുന്നു. കുറച്ചൊക്കെ ചാവക്കാടന്‍ 'തൌദാരം'
('സംസാരം',എന്നര്‍ത്ഥം) അദ്ദ്വോക്ക ഉപ്പയില്‍ നിന്നും സ്വാംശീകരിച്ചിരുന്നു. അങ്ങനെ, ഞങ്ങള്‍ (ഞാനും അനിയന്‍ കാസീമും- {ഇപ്പോള്‍ മണ്ണാര്‍ക്കാട് ദാറുന്നജാത് സ്കൂളില്‍ പ്ലസ്ടു അദ്ധ്യാപകന്‍} ) മരമില്ലിനു തൊട്ടപ്പുറത്തെ പള്ളിയിലേക്ക് നിസ്കരിക്കാന്‍ പോകുമ്പോള്‍ അദ്ദ്വോക്കാടെ റഡാറടിക്കും, "മോനെ, മത്തോക്ക് പീങ്ങ്യോടാ....".( മത്തോക്ക് എന്നാല്‍ ചാവക്കാടന്‍ ഭാഷയില്‍, കപ്പക്കിഴങ്ങ് ) ഞങ്ങള്‍ ജീവനും കൊണ്ടോടുമ്പോള്‍ അടുത്ത ഫ്ലാഷ്, "മോനെ, കൂത്താടിച്ചിക്കായ തിന്നോടാ" (ച്ചെ..വൃത്തികേട് 'ല്ലേ? പൊറുക്കണം, ഒടിച്ചുത്തിക്കായയുടെ, ചാവക്കാടന്‍ ഭാഷയാണിത് - ഇനി ഒടിച്ചുത്തിക്കായടെ ശാസ്ത്ര നാമം ദയവു ചെയ്ത് എന്നോട് ചോദിക്കരുത് ശിഷ്യന്മാരെ. അതിരുകളിലെ വേലികളില്‍ പണ്ടുണ്ടായിരുന്ന ഒരു 'സാധനമാണീ ഒടിച്ചുത്തിക്കായ..പുടി കിട്ട്യാ..ഏത് ..? )
('സംസാരം',എന്നര്‍ത്ഥം) അദ്ദ്വോക്ക ഉപ്പയില്‍ നിന്നും സ്വാംശീകരിച്ചിരുന്നു. അങ്ങനെ, ഞങ്ങള്‍ (ഞാനും അനിയന്‍ കാസീമും- {ഇപ്പോള്‍ മണ്ണാര്‍ക്കാട് ദാറുന്നജാത് സ്കൂളില്‍ പ്ലസ്ടു അദ്ധ്യാപകന്‍} ) മരമില്ലിനു തൊട്ടപ്പുറത്തെ പള്ളിയിലേക്ക് നിസ്കരിക്കാന്‍ പോകുമ്പോള്‍ അദ്ദ്വോക്കാടെ റഡാറടിക്കും, "മോനെ, മത്തോക്ക് പീങ്ങ്യോടാ....".( മത്തോക്ക് എന്നാല്‍ ചാവക്കാടന്‍ ഭാഷയില്‍, കപ്പക്കിഴങ്ങ് ) ഞങ്ങള്‍ ജീവനും കൊണ്ടോടുമ്പോള്‍ അടുത്ത ഫ്ലാഷ്, "മോനെ, കൂത്താടിച്ചിക്കായ തിന്നോടാ" (ച്ചെ..വൃത്തികേട് 'ല്ലേ? പൊറുക്കണം, ഒടിച്ചുത്തിക്കായയുടെ, ചാവക്കാടന്‍ ഭാഷയാണിത് - ഇനി ഒടിച്ചുത്തിക്കായടെ ശാസ്ത്ര നാമം ദയവു ചെയ്ത് എന്നോട് ചോദിക്കരുത് ശിഷ്യന്മാരെ. അതിരുകളിലെ വേലികളില്‍ പണ്ടുണ്ടായിരുന്ന ഒരു 'സാധനമാണീ ഒടിച്ചുത്തിക്കായ..പുടി കിട്ട്യാ..ഏത് ..? )
പണ്ടു 'പോതോക്കിക്കാവിലേക്ക് ' കോഴിയെ നേര്‍ച്ചയാക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു സഹോദര സമുദായത്തില്‍. അങ്ങനെ, കുറെ ആളുകള്‍ കൂടി ഒരാളെ കൂലി കൊടുത്താണ് പറഞ്ഞയക്കാറ് . അങ്ങനെ, കൂലിക്കാരന്‍ മരമില്ലിനു മുമ്പിലൂടെ അഞ്ചെട്ടു കോഴികളെയും തൂക്കി കടന്നു പോകുമ്പോള്‍ അദ്ദ്വോക്ക വിളിച്ചു പറഞ്ഞു, 'അതേയ്.. നമ്മുടെ അദ്ദുറാക്കാടെ വീട്ടീന്നും ഉണ്ടൊരു കോഴി', എന്നിട്ട് വീടും ചൂണ്ടി കാണിച്ചു കൊടുത്തു. കൂലിക്കാരന്‍ ചായക്കാശു വീണ്ടും ഒത്ത സന്തോഷത്തില്‍ ഞങ്ങളുടെ വീട്ടിലേക്കു വന്നു. പറഞ്ഞയച്ച ആളെ ഊഹിച്ചു കണ്ടു പിടിച്ച ഉപ്പ പറഞ്ഞു, 'അത് വേറെ ആളുടെട്ത്ത് കൊടുത്തയച്ചു, ഇനി അപ്പുറത്തെ അദ്ദുപ്പാടെ കുടീലൊന്നു നോക്കിക്കോ...' ( സുയിപ്പന്‍ മുക്കിന്റെ നാമം അന്വര്‍ത്ഥമാക്കുന്നതില്‍ ഓരോരുത്തരും വഹിച്ചിരുന്ന മഹത്തായ പങ്കിനെ കുറിച്ച്, എന്റെ സഹോദരങ്ങള്‍ക്കിടയില്‍ ഒരു ഏകദേശ രൂപം വന്നു കാണും ഇപ്പോള്‍,...ഏയ് ! ), ഇങ്ങനെ നാലഞ്ചു വീട് മാറി മാറി കയറിയിറങ്ങിയ ശേഷം, കൂലിക്കാരനദ്ദേഹത്തിന്റെ വായില്‍ നിന്നും ഉതിര്‍ന്നു വീണ സാഹിത്യ വിസ്ഫോടനത്തിനു ചരിത്രത്തില്‍ തുല്ല്യതയില്ലത്രേ..!!
ഇങ്ങനത്തെ ചെറിയ ചെറിയ വിക്രസ്സുകള്‍ ഒപ്പിക്കുന്ന ആളായിരുന്നെങ്കിലും ഇരട്ടപ്പേരിട്ടത്തിന്റെ പേരില്‍ ആര്‍ക്കും അദ്ദ്വോക്കയോട് യാതൊരു ദേഷ്യവും ഉണ്ടായിരുന്നില്ല. !അതായിരുന്നു ആ വ്യക്തിത്ത്വം. അദ്ദേഹത്തിന്റെ മനസ്സ് നൈര്‍മ്മല്ല്യമേറിയതായിരുന്നു. ഉദാത്തമായ സ്വഭാവത്തിന്റെ ഉടമ. എപ്പോഴും പുഞ്ചിരിച്ചു കൊണ്ടുള്ള പ്രകൃതം.
ഓരോരുത്തരുടെയും സ്വഭാവത്തിനും രൂപത്തിനും കോലത്തിനും അനുസരിച്ച് അദ്ദേഹം പതിച്ചു കൊടുത്ത ഇരട്ടപ്പേരുകള്‍ ഞാനിവിടെ പറഞ്ഞാല്‍ ചിലപ്പോള്‍ അതെന്റെ ആയുരാരോഗ്യത്തിനെ ബാധിക്കുമെന്നതിനാല്‍ ഹം കുച്ച് ബോല്‍തെ നഹീ യാര്‍ ...ക്യോംകി ഉന്‍ ലോഗ്ക്കാ ബച്ചോം ലോഗ് അഭീതക് സിന്ധാഹെ...ഹമാരാ കയ്യും കാലും ഒടിച്ചിടല്‍ കരേഗാ, മേരാ തമ്പിയോം, തമ്പിച്ചിയോം!
ഓരോരുത്തരുടെയും സ്വഭാവത്തിനും രൂപത്തിനും കോലത്തിനും അനുസരിച്ച് അദ്ദേഹം പതിച്ചു കൊടുത്ത ഇരട്ടപ്പേരുകള്‍ ഞാനിവിടെ പറഞ്ഞാല്‍ ചിലപ്പോള്‍ അതെന്റെ ആയുരാരോഗ്യത്തിനെ ബാധിക്കുമെന്നതിനാല്‍ ഹം കുച്ച് ബോല്‍തെ നഹീ യാര്‍ ...ക്യോംകി ഉന്‍ ലോഗ്ക്കാ ബച്ചോം ലോഗ് അഭീതക് സിന്ധാഹെ...ഹമാരാ കയ്യും കാലും ഒടിച്ചിടല്‍ കരേഗാ, മേരാ തമ്പിയോം, തമ്പിച്ചിയോം!
'സുയിപ്പന്‍ മുക്ക് ' എന്ന പേര് ചന്തം പോരഞ്ഞിട്ടോ ആവോ,പുതിയ തലമുറ അത് വീണ്ടും മാറ്റി പണ്ടത്തെ 'പുഞ്ചക്കോട്' തന്നെ ആക്കി. എങ്കിലും പകുതിയാളുകളും ആ പഴയ 'മുക്കിനെ' ഇപ്പോഴും കൈവിട്ടിട്ടില്ല. ഞങ്ങള്‍ നാല്പതുകളെ ചുറ്റിപ്പറ്റി നില്കുന്നവര്‍ക്ക് സുയിപ്പന്‍ മുക്കിനെ മറക്കാന്‍ കഴിയില്ല. പക്ഷെ ഇപ്പോള്‍ 'അബ്ദുല്‍ ജബ്ബാര്‍ സുയിപ്പന്മുക്ക് ' എന്ന അഡ്രെസ്സില്‍ കത്ത് വന്നാല്‍ ചിലപ്പോ കത്ത് പോസ്റ്റ്‌മാന്റെ പെരയുടെ ഇറയത്ത് തന്നെ ഉണ്ടാകാം! അത് കൊണ്ടു പുഞ്ചക്കോടനാകേണ്ടി വരുന്നു. പക്ഷെ, ഒപ്പം പഠിച്ചവര്‍ പലരും കാണുമ്പോള്‍ ഇപ്പോഴും നീട്ടി വിളിക്കും 'എടാ സുയിപ്പാ'...എന്ന്.
അദ്ദ്വോക്ക മരിച്ചിട്ട് ഏകദേശം കാല്‍ നൂറ്റാണ്ട് കഴിഞ്ഞിരിക്കും...! 'ഇരട്ടപ്പേരുകാരും' മിക്കവാറും കാല യവനികക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു ..! ഇന്നും 'സുയിപ്പന്‍ മുക്കിലെ', ഓരോ മുക്കിലും മൂലയിലും, അദ്ദ്വോക്കയിട്ട ഇരട്ടപ്പേരുകളിലും അദ്ദേഹത്തിന്റെ നര്‍മ്മങ്ങളിലും മുത്തമിട്ടു, മന്ദമാരുതന്‍ തത്തിക്കളിക്കാറുണ്ട്...അനുസ്യൂതം..! അദ്ദേഹത്തിന്റെ ചുണ്ടിലെന്നും ഒളിച്ചിരുന്നിരുന്ന ആ മന്ദസ്മിതം പോലെത്തന്നെ..!
-----